ക്ഷേത്രങ്ങളിലെ പൂജാ സാധനങ്ങള്‍ക്ക് ഗുണനിലവാരമില്ല; ഹൈക്കോടതി തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജാ സാധനങ്ങള്‍ ഗുണനിലവാരമില്ലാത്തതെന്ന ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറണമെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ടിന്മേല്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

ജസ്റ്റിസ് കെ.ടി. ശങ്കരന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയുടെ ഡിവിഷന്‍ ദേവസ്വം ബെഞ്ചിന് വിടണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും, അഭിഭാഷകന്‍ പി എസ് സുധീറും ആവശ്യപ്പെട്ടതിന് പിന്നാലെ ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യത്തിന്റെ അധ്യക്ഷതയില്‍ ഉളള സുപ്രീംകോടതി ബെഞ്ച് അത് അംഗീകരിക്കുകയായിരുന്നു. സുരേഷ് കുമാര്‍ അയച്ച കത്ത് പൊതുതാല്‍പര്യ ഹര്‍ജിയായി പരിഗണിച്ചാണ് നേരത്തെ കേന്ദ്രീകൃത സംവിധാനത്തിലൂടെ ക്ഷേത്രങ്ങള്‍ക്കാവശ്യമായ സാധനങ്ങള്‍ വാങ്ങണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഇതിനെതിരെ കെ.ടി ശങ്കരന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.

അതേസമയം, ജസ്റ്റിസ് ശങ്കരന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് വിടണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിംഗ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും, അഭിഭാഷകന്‍ ആലിം അന്‍വറും എതിര്‍ത്തില്ല.