തിരുവനന്തപുരം: തന്റെ അധികാരം കവരുന്നതും യുജിസി ചട്ടങ്ങള്‍ ലംഘിക്കുന്നതുമായ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്താല്‍ അനുവദിക്കില്ലെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട്. വിസി നിയമനത്തിനുള്ള സേര്‍ച് കമ്മിറ്റിയില്‍ സര്‍ക്കാരിന്റെ സ്വാധീനം ഉറപ്പിക്കുന്നതിനുള്ള ബില്‍, സര്‍വകലാശാലാ അപ്ലറ്റ് ട്രിബ്യൂണല്‍ നിയമനത്തില്‍ ഗവര്‍ണറെ മറികടക്കുന്നതിനുള്ള ബില്‍, ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്ന ബില്ലുകള്‍ എന്നിവയില്‍ ഗവര്‍ണര്‍ ഇതുവരെ ഒപ്പു വച്ചിട്ടില്ല.
കാലിക്കറ്റ് സര്‍വകലാശാലയില്‍ താല്‍ക്കാലിക സിന്‍ഡിക്കറ്റ് രൂപീകരിക്കുന്നതിനു സര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍, ഗവര്‍ണര്‍ ഇത് അംഗീകരിക്കുമോ എന്നത് നിര്‍ണ്ണായകമാണ്. സാങ്കേതിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ ഡോ.സിസ തോമസ് തുടരണോ എന്ന കാര്യത്തിലും ഗവര്‍ണര്‍ തീരുമാനമെടുക്കണം. ഹൈക്കോടതി വിധി വിലയിരുത്തിയ ശേഷം വിസിയെ മാറ്റണോയെന്ന് ഗവര്‍ണര്‍ തീരുമാനിക്കും. മലയാള സര്‍വ്വകലാശാലയില്‍ 28നു വിസി സ്ഥാനം ഒഴിയാനിരിക്കെ പകരം താല്‍ക്കാലിക വിസിയെ കണ്ടെത്തുകയും വേണം.
അതേസമയം, സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ പുറത്താക്കുന്നതിനു നിയമസഭ പാസാക്കിയ 2 ബില്ലുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു എന്ന പ്രചരണം സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഇവ പിന്‍വലിക്കാനോ പകരം ബില്‍ കൊണ്ടു വരാനോ തീരുമാനിച്ചിട്ടില്ല. ചാന്‍സലര്‍ ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചിരിക്കുകയാണ്. അങ്ങനെ വന്നാല്‍ തീരുമാനം നീളാനാണ് സാധ്യത.

