തിയേറ്ററുകളില്‍ ടിക്കറ്റിനായി ഈടാക്കിയ അമിത തുക തിരിച്ചുപിടിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തിയേറ്ററുകളില്‍ ടിക്കറ്റിനായി അമിതമായി ഈടാക്കിയ തുക തിരിച്ചുപിടിക്കണമെന്ന് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേവരാജന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടായിട്ടും തിയേറ്ററുകളില്‍ അമിതമായി ടിക്കറ്റ് നിരക്ക് ഈടാക്കുന്നു എന്നാണ് ഹരജിക്കാരന്റെ വാദം.

തമിഴ്നാട്ടിലെ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച രണ്ട് ഉത്തരവുകള്‍ കോടതി നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം സാധാരണ തിയേറ്ററുകളിലെ പരമാവധി ടിക്കറ്റ് നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളില്‍ 480 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.

അതേസമയം, സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ വരുമ്‌ബോള്‍ ഈ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നാണ് ഹരജിക്കാരന്റെ ആരോപണം. ഇത്തരം ആരോപണങ്ങള്‍ കണ്ടെത്തിയാല്‍ പോലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും യാതൊരു വിധ നടപടികളും ഉണ്ടാവുന്നില്ലെന്നും സാധാരണ 1000 രൂപ മാത്രമാണ് ഇത്തരം നിയമലംഘനത്തിന് പിഴ ചുമത്തുന്നത് എന്നും ഹരജിക്കാരന്‍ കോടതിയെ അറിയിച്ചു.