കൊച്ചി: കന്നഡ ചിത്രം കാന്താരയിലെ വരാഹരൂപം ഗാനവുമായി ബന്ധപ്പെട്ട് നടന്‍ പൃഥ്വിരാജിനെതിരായ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി. തങ്ങളുടെ സംഗീതം മോഷ്ടിച്ചാണ് ചിത്രത്തില്‍ ഗാനമൊരുക്കിയതെന്നാരോപിച്ച് പ്രശസ്ത മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിഡ്ജാണ് പരാതി നല്‍കിയത്. പൃഥ്വിരാജ് സുകുമാരന്‍ ഉള്‍പ്പെട്ട കമ്പനിക്കായിരുന്നു സിനിമയുടെ കേരളത്തിലെ വിതരണാവകാശം.
അനുവാദമില്ലാതെയാണ് തങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീതം സിനിമയ്ക്കായി ഉപയോഗിച്ചതെന്നാണ് തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം. കപ്പ ടിവിക്ക് വേണ്ടി നവരസം എന്ന ആല്‍ബത്തില്‍ നിന്നുളള മോഷണമാണ് കാന്താരയിലെ ഗാനമെന്നായിരുന്നു പരാതി.
എന്നാല്‍, കാന്താര സിനിമയിലെ വരാഹ രൂപം എന്ന ഗാനം മോഷണമല്ലെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിക്കുന്നത്. ഗാനം യഥാര്‍ത്ഥ നിര്‍മ്മിതി തന്നെയാണെന്ന് സംവിധായകന്‍ ഋഷഭ് ഷെട്ടി പറഞ്ഞു. പകര്‍പ്പവകാശ ലംഘന കേസില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കാനെത്തിയപ്പോഴായിരുന്നു സംവിധായകന്റെ പ്രതികരണം.

