ബിബിസി ഓഫീസുകളിലെ പരിശോധന പൂർത്തിയായി; ചിലർക്ക് ഇന്ത്യൻ ഏജൻസികളെക്കാൾ വിശ്വാസം വിദേശ ചാനലുകളെയെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ബിബിസിയുടെ മുംബൈ, ഡൽഹി ഓഫീസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന പൂർത്തിയായി. മൂന്നുദിവസത്തോളം നീണ്ട പരിശോധനകളാണ് പൂർത്തിയായത്. 60 മണിക്കൂറോളമാണ് ആദായ നികുതി വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസുകളിൽ പരിശോധന നടത്തിയത്. 2012 മുതലുള്ള അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതായി അധികൃതർ അറിയിച്ചു.

അതേസമയം, ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധനയ്‌ക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി കിരൺ റിജിജു രംഗത്തെത്തിയിരുന്നു. ചിലർക്ക് ഇന്ത്യൻ ഏജൻസികളെക്കാൾ വിശ്വാസം വിദേശ ചാനലുകളെയാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പ്രതീക്ഷിച്ചതുപോലെ, അതേ ‘ഇക്കോ സിസ്റ്റം’ പ്രകോപിതരായി. ഈ ആളുകൾ വിദേശ വാർത്താ ഏജൻസികളെ വിശ്വസിക്കുന്നു. പക്ഷേ ഇന്ത്യൻ ഏജൻസികളെ വിശ്വസിക്കില്ല. അവർ ബിബിസിയിൽ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിക്കുന്നു. പക്ഷേ അവർ ഇന്ത്യൻ കോടതികളെ വിശ്വസിക്കില്ല. പ്രതികൂലമായ ഒരു വിധി വന്നാൽ അവർ സുപ്രീം കോടതിയെ പോലും ദുരുപയോഗം ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.