ആര്‍എസ്എസുമായി കൂടിക്കാഴ്ച; ജമാ അത്തെ ഇസ്ലാമിക്കെതിരെ കോണ്‍ഗ്രസും ലീഗും

ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന ജമാ അത്തെ ഇസ്ലാമിയുടെ വെളിപ്പെടുത്തലിനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസും ലീഗും രംഗത്ത്. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും. മതേതര ശക്തിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്ന നടപടിയെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി പറഞ്ഞു.

ആര്‍എസ്എസുമായി ചര്‍ച്ചക്കുള്ള സാഹചര്യം നിലവില്‍ ഇല്ലെന്നും അവരുമായി പോരാടേണ്ട സമയമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ആര്‍എസ്എസ് മതേതര പ്രസ്ഥാനങ്ങള്‍ക്ക് അസ്പൃശ്യമാണ്. അവരുമായി ചര്‍ച്ച നടത്തുന്നത് അപകടകരമെന്ന് എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, കഴിഞ്ഞ മാസം 14ന് ആര്‍എസ്എസുമായി ഡല്‍ഹിയില്‍ വച്ച് ചര്‍ച്ച നടത്തിയെന്ന് ജമാ അത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി ടി ആരിഫ് അലി വെളിപ്പെടുത്തിയതിന് പിന്നാലെയാണ് വിമര്‍ശനവുമായി വിവിധ സംഘടനകള്‍ രംഗത്ത് എത്തിയത്. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സംഘടനയെന്ന നിലയിലാണ് ചര്‍ച്ച നടത്തിയതെന്നും ആര്‍എസ്എസുമായി ഒത്തുതീര്‍പ്പുണ്ടാക്കുക ചര്‍ച്ചകളുടെ ലക്ഷ്യമല്ലെന്നുമാണ് വെളിപ്പെടുത്തല്‍ നടത്തിയ ആരിഫ് അലിയുടെ വിശദീകരണം.