വരുമാനത്തിന് അനുസരിച്ച് ശമ്പളം: കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനുള്ള നീക്കവുമായി മാനേജിങ് ഡയറക്ടർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പളത്തിന് ടാർഗറ്റ് നിശ്ചയിക്കാനുള്ള നീക്കവുമായി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ഡി ബിജു പ്രഭാകർ ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. നൂറ് ശതമാനം ടാർഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവൻ ജീവനക്കാർക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവൻ ശമ്പളവും കൊടുക്കും. 90 ശതമാനം എങ്കിൽ ശമ്പളത്തിന്റെ 90 ശതമാനം നൽകും. സർക്കാർ സഹായം നൽകിയില്ലെങ്കിൽ ഈ നിർദ്ദേശം ഏപ്രിൽ മുതൽ നിലവിൽ വരും. 100 ശതമാനത്തിന് മുകളിൽ വലിയ തോതിൽ ടാർഗറ്റ് തികയ്ക്കുന്ന ഡിപ്പോകളിൽ ജീവനക്കാർക്ക് കുടിശിക അടക്കം ശമ്പളം നൽകാനും പദ്ധതിയിടുന്നുണ്ട്.

ബസും ജീവനക്കാരുടെ എണ്ണവും കണക്കിലെടുത്ത് ടാർഗറ്റ് നിശ്ചയിച്ചു നൽകാനാണ് തീരുമാനം. പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യവുമായാണ് ടാർഗറ്റ് നടപ്പാക്കുന്നത്. 100 ശതമാനം ലക്ഷ്യം കൈവരിക്കുന്ന ഡിപ്പോകളിൽ അഞ്ചാം തീയതി മുഴുവൻ ശമ്പളവും നൽകും. ടാർഗറ്റിന്റെ 50 ശമാനമാണ് വരുമാനമെങ്കിൽ പകുതി ശമ്പളമേ ലഭിക്കൂ. പുതിയ നിർദേശത്തിലൂടെ വരുമാനം ഉയർത്താൻ കഴിയൂവെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കുന്നു.

അതേസമയം, കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാർക്ക് ഉടൻ പകുതി പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ് പുറത്തിറക്കി. കെഎസ്ആർടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവർക്കാണ് അനുകൂല്യം നൽകേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കാനുള്ള മുഴുവൻ പേർക്കും സമാശ്വാസമായി ഒരു ലക്ഷം നൽകാമെന്ന കെഎസ്ആർടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

അതേസമയം, അനുകൂല്യം വിതരണം ചെയ്യാൻ കൈയ്യിൽ പണം ഇല്ലെന്നു കെഎസ്ആർടിസി അറിയിച്ചപ്പോൾ മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയിൽ ജീവനക്കാർ എന്തിനു ബുദ്ധിമുട്ടണമെന്നായിരുന്നു സിംഗിൾ ബെഞ്ച് ചോദിച്ചത്. വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമായ സാഹചര്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.