തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ടല്‍ ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നതിന് ഫെബ്രുവരി 28വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇത് രണ്ടാം തവണയാണ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സമയം നീട്ടുന്നത്.
ഭക്ഷ്യ സ്ഥാപനങ്ങളിലെ 60ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കണക്കുകൂട്ടല്‍. ബാക്കിയുള്ള 40ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിച്ചത്. ഡോക്ടറുടെ സീലും ഒപ്പും അടങ്ങുന്ന ഹെല്‍ത്ത് കാര്‍ഡിന് ഒരു വര്‍ഷമായിരിക്കും കാലാവധി.
കേരളത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും ഹെല്‍ത്ത് കാര്‍ഡ് പരിശോധിക്കും. ജീവനക്കാരുടെ ആരോഗ്യസ്ഥിതി, ത്വക്ക് രോഗങ്ങള്‍, കാഴ്ച ശക്തി, ശരീരത്തിലെ വൃണം, മുറിവ് എന്നിവയില്‍ പരിശോധന നടത്തണം. വാക്‌സിന്‍ സ്വീകരിക്കണം. പകര്‍ച്ചാവ്യാധികള്‍ക്കായി രക്തപരിശോധനയും നടത്തേണ്ടതുണ്ട്.

