കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനത്തിന്റെ അമിത വേഗതക്കെതിരെ കോടതി. വിഷയത്തിൽ കോടതി റിപ്പോർട്ട് തേടി. പാലാ കോഴ ഭാഗത്ത് വെള്ളിയാഴ്ച അപകടകരമായ രീതിയിൽ അകമ്പടി വാഹനം പോയ സംഭവത്തിലാണ് കോടതിയുടെ നടപടി. പാലാ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ കോടതി മജിസ്‌ട്രേറ്റാണ് റിപ്പോർട്ട് തേടിയത്.
ഫെബ്രുവരി 17ന് മുൻപ് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. മജിസ്‌ട്രേറ്റ് ജി പദ്മകുമാറാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. എസ്.എച്ച്.ഒയെ കോടതിയിൽ വിളിച്ചു വരുത്തിയായിരുന്നു മജിസ്‌ട്രേറ്റ് റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്ക് റോഡിലൂടെ യാത്ര ചെയ്യണ്ടേയെന്ന ചോദ്യവും കോടതി ഉന്നയിച്ചു.

