പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് മനുഷ്യരിലേക്കും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ് പക്ഷികളില്‍ നിന്നും സസ്തനികളിലേക്ക് കടന്നിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. നീര്‍നായ, കുറുക്കന്‍ എന്നീ മൃഗങ്ങളില്‍ എച്ച് 5 എന്‍ 1 എന്ന വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഘടന ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മൃഗങ്ങളില്‍ നിന്നും വൈറസ് മനുഷ്യരിലേക്ക് പകരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്നലെ നടന്ന ഒരു വെര്‍ച്ച്വല്‍ സമ്മേളനത്തിനിടെ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗെബ്രെയേസുസ് പറഞ്ഞിരുന്നു. എല്ലാ രാജ്യങ്ങളോടും സസ്തനികളെ സസൂക്ഷ്മം നിരീക്ഷക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

യുകെയില്‍ പക്ഷിപ്പനി വ്യാപനം സസ്തനികളെയും ബാധിച്ചിരുന്നു. വടക്ക് പടിഞ്ഞാറന്‍ സ്‌പെയിനിലും കഴിഞ്ഞ മാസം നീര്‍നായ്ക്കള്‍ക്കിടയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. എച്ച് 5 എന്‍ 1 ന്റെ സാന്നിദ്ധ്യം നേരത്തെ മനുഷ്യരിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നെങ്കിലും വളരെ വിരളമായിരുന്നു. എങ്കിലും, ഇപ്പോള്‍ സസ്തനികളെ ബാധിച്ചു തുടങ്ങി എന്ന റിപ്പോര്‍ട്ട് ഏറെ ആശങ്ക പരത്തുന്നതാണ്. രണ്ട് വ്യത്യസ്ത വൈറസുകള്‍ തമ്മില്‍ ജനിതക ഘടനകള്‍ കൈമാറി പുതിയ സങ്കരയിനം വൈറസുകള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ ഫെബ്രുവരിയില്‍ ഡെല്‍റ്റയുടെയും ഓമിക്രോണിന്റെയും റീകോമ്ബിനേഷന്‍ ഫ്രാന്‍സില്‍ കണ്ടെത്തിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ലോകവ്യാപകമായ ഒരു മഹാവ്യാധിയായി മാറാന്‍ സാധ്യതയുള്ള ഒന്നാണ് പക്ഷിപ്പനി എന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.