ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടി; പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി

ബംഗളുരു: റഫാൽ ഇടപാട് വിവാദത്തിൽ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയവരുടെ മുഖത്തേറ്റ അടിയാണ് തുമകുരുവിലെ ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയെന്ന് അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റർ ഫാക്ടറിയാണ് കർണാടകയിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്.

ഈഎച്ച്എഎല്ലിന്റെ പേരിൽ പ്രതിപക്ഷം സർക്കാരിനെതിരെ കള്ളം പ്രചരിപ്പിച്ചില്ലേയെന്നും പാർലമെന്റ് ദിവസങ്ങളോളം സ്തംഭിപ്പിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു. നുണ എത്ര തവണ പറഞ്ഞാലും സത്യം പുറത്തുവരും. നുണ പറഞ്ഞവരുടെ മുഖത്തേറ്റ അടിയാണ് ഈ ഫാക്ടറി. ആറര വർഷത്തിനിപ്പുറം, ഈ ഫാക്ടറിയിൽ നിർമിച്ച ആദ്യ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ പറക്കാൻ തയ്യാറായി. എച്ച്എഎല്ലിന്റെ പേരിൽ നുണ പ്രചാരണം നടത്തിയവർ സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഓർക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

615 ഏക്കറാണ് ഹെലികോപ്റ്റർ നിർമാണ സമുച്ചയത്തിന്റെ വിസ്തീർണ്ണം. ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിന്റെ കീഴിലുള്ളതാണ് ഈ ഹെലികോപ്റ്റർ നിർമാണ ഫാക്ടറി. 2016-ലാണ് ഹെലികോപ്റ്റർ നിർമാണ ഫാക്ടറിയ്ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടത്. നിലവിൽ 30 ഹെലികോപ്റ്ററുകൾ വരെ ഒരു വർഷം നിർമ്മിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആദ്യ 20 വർഷം കൊണ്ട് 3 മുതൽ 15 ടൺ വരെ ഭാരമുള്ള 1000 ഹെലികോപ്റ്ററുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയിലൂടെ അടക്കം നാല് ലക്ഷം കോടി രൂപയുടെ വരുമാനവും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.