ത്രിപുരയിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ; പ്രചാരണത്തിന് എത്തുന്നത് കേന്ദ്ര നേതാക്കൾ

അഗർത്തല: ത്രിപുരയിൽ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തമാക്കി രാഷ്ട്രീയ പാർട്ടികൾ. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കാൻ കേന്ദ്ര നേതാക്കൾ ത്രിപുരയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെ പ്രചാരണത്തിന് ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരും പ്രചാരണത്തിനായി സംസ്ഥാനത്തെത്തും.

പ്രചാരണത്തിന്റെ അവസാന ദിനമായ ഫ്രെബ്രുവരി 13 ആണ് പ്രധാനമന്ത്രി ത്രിപുരയിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ത്രിപുര സന്ദർശിക്കും. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സിനിമ താരം മിഥുൻ ചക്രബർത്തി തുടങ്ങിയവരും പ്രചാരണ രംഗത്തുണ്ട്. അതേസമയം, സി പി എമ്മിനായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ കേന്ദ്രനേതാക്കൾ പ്രചാരണം നടത്തും.

കേരള മുഖ്യമന്ത്രി പിണറായി വിജയനും പ്രചാരണത്തിന് എത്തിയേക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. രാഹുൽഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയ ദേശീയ നേതാക്കൾ കോൺഗ്രസിനായി പ്രചാരണത്തിന് എത്തും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് തൃണമൂൽ കോൺഗ്രസിന്റെ പ്രചാരണത്തിന് നേതൃത്വം നൽകാൻ വേണ്ടി സംസ്ഥാനത്ത് എത്തുന്നത്.