ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക്; 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളും നിരോധിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ചൈനീസ് ആപ്പുകള്‍ നിരോധിക്കാന്‍ നടപടി ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. ഇതിനോടകം തന്നെ നൂറ് കണക്കിന് ചൈനീസ് ആപ്പുകളാണ് കേന്ദ്രം നിരോധിച്ചത്. നിലവില്‍ 138 ചൂതാട്ട ആപ്പുകളും 94 ലോണ്‍ ആപ്പുകളും ഉടന്‍ നിരോധിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു. ലോണെടുത്ത ആളുകള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

തെലങ്കാന, ആന്ധ്ര പ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ ലോണ്‍ ആപ്പുകളില്‍നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാനാതെ നിരവധി പേര്‍ ആത്മഹത്യ ചെയ്യുന്നതായി നേരത്ത് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആപ്പുകള്‍ വഴി ലോണെടുക്കുന്ന പലരും തിരിച്ചടക്കാനാകാതെ പൊറുതി മുട്ടുമ്‌ബോള്‍ ലോണെടുത്ത ആളുകളില്‍ നിന്നും ഭീഷണിപ്പെടുത്തി വ്യക്തിഗത വിവരങ്ങളും മോര്‍ഫ് ചെയ്ത ഫോട്ടോകളുമെല്ലാം ആവശ്യപ്പെടുകയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ആറ് മാസം മുമ്ബ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 288 ചൈനീസ് ലോണ്‍ ലെന്‍ഡിങ് ആപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശകലനം ചെയ്തിരുന്നു. ഇവയില്‍ 94 ആപ്പുകള്‍ ഇ-സ്റ്റോറുകളില്‍ ലഭ്യമാണെന്നും മറ്റുള്ളവ തേഡ് പാര്‍ട്ടി ലിങ്കുകളിലൂടെ പ്രവര്‍ത്തിക്കുന്നവയാണെന്നുമാണ് കേന്ദ്രത്തിന്റെ കണ്ടെത്തല്‍. സെര്‍വര്‍-സൈഡ് സുരക്ഷാ ദുരുപയോഗം ചെയ്യപ്പെടുകയും പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാരവൃത്തിക്കായി ഇവ ഉപയോഗിച്ചേക്കാനുള്ള സാധ്യത ഉണ്ടെന്നുമാണ് വിലയിരുത്തല്‍.

അടുത്തകാലത്തായി ലോണ്‍ ആപ്പ് സംഘം യുവതിയുടേയും കുട്ടികളുടേയും ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നാലംഗ കുടുംബം ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. രജാമഹേന്ദ്രവാരം സ്വദേശി കൊല്ലി ദുര്‍ഗ റാവു രണ്ട് ഓണ്‍ലൈന്‍ ആപ്പുകളില്‍ നിന്നായി വായ്പ എടുക്കുകയും മൂന്ന് മാസങ്ങള്‍ കൊണ്ട് തന്നെ പലിശ പെരുകി ഇരട്ടിയാവുകയും ചെയ്തു. തിരിച്ചടവ് മുടങ്ങിയതോടെ ഭാര്യയുടെയും മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി സന്ദേശങ്ങള്‍ ലോണ്‍ ആപ്പുകളില്‍ നിന്നും ലഭിച്ചു. ദുര്‍ഗറാവുവിന്റെ സിമ്മിലെ കോണ്‍ടാക്ട് ലിസിറ്റിലുള്ളവരുടെ വാട്ട്സാപ്പിലേക്ക് ഭാര്യ രമ്യ ലക്ഷ്മിയുടെയും നാല് വയസുള്ള മകളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ എത്തി. പിന്നാലെ ഈ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്രചരിച്ചു. ഇതോടെ വെസ്റ്റ് ഗോദാവരിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത് കുടുംബം ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് ആര്‍ബിഐ ചട്ടങ്ങള്‍ മറികടന്ന് പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പുകള്‍ക്ക് എതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങിയതും.