ന്യൂഡൽഹി: കേരളത്തിലെ 34 സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. റെയിൽവേ സ്റ്റേഷനുകൾ ലോക നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണിത്. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് തുടങ്ങിയവ ഉൾപ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളും പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തപ്പെടും.
കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായി. ആലപ്പുഴ ജില്ലയിലെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ സ്റ്റേഷനുകളും പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. ചെങ്ങന്നൂർ സ്റ്റേഷന്റെ സാധ്യതാ പഠനം തുടങ്ങുകയും ചെയ്തു. ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൌൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ,കാസർഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര,നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തൃശ്ശൂർ, തിരൂർ,തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കഞ്ചേരി എന്നിവയാണ് അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ സ്റ്റേഷനുകൾ.
പദ്ധതിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് ആയിരത്തിലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ്. പദ്ധതിയിലേക്ക് തെരഞ്ഞെടുത്ത റെയിൽവേ സ്റ്റേഷനുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കും. എക്സിക്യൂട്ടീവ് ലോഞ്ചുകൾക്കും ചെറുകിട ബിസിനസ് മീറ്റിംഗുകൾക്കുമുള്ള സ്ഥലങ്ങളും ഈ റെയിൽവേ സ്റ്റേഷനുകളിൽ ഒരുക്കും.

