ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ വച്ച് കുഴഞ്ഞ് വീണ വാണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ വാണി ജയറാം ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്.
1945 നവംബര്‍ 30-ന് തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് വാണി ജയറാം ജനിച്ചത്. സംഗീതജ്ഞയായ അമ്മയില്‍ നിന്ന് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദ്യസ്ഥമാക്കിയ വാണി തന്റെ എട്ടാം വയസ്സില്‍ ആകാശവാണിയുടെ മദ്രാസ് സ്റ്റേഷനില്‍ പാടി തുടങ്ങി. കടലൂര്‍ ശ്രീനിവാസ അയ്യങ്കാര്‍, ടി.ആര്‍. ബാലസുബ്രഹ്മണ്യന്‍, ആര്‍.എസ്. മണി എന്നിവരായിരുന്നു കര്‍ണാടക സംഗീതത്തിലെ വാണിയുടെ ഗുരുക്കന്മാര്‍. ഉസ്താദ് അബ്ദുല്‍ റഹ്മാന്‍ ഖാനില്‍ നിന്നാണ് ഹിന്ദുസ്ഥാനി സംഗീതം പഠിച്ചത്. 1971-ല്‍ വസന്ത് ദേശായിയുടെ സംഗീതത്തില്‍ ‘ഗുഡ്ഡി’ എന്ന ചിത്രത്തിലെ ഗാനത്തിനു അഞ്ച് അവാര്‍ഡുകള്‍ അവര്‍ നേടി. ചിത്രഗുപ്ത്, നൗഷാദ് , മദന്‍ മോഹന്‍, ഒ.പി. നയ്യാര്‍, ആര്‍.ഡി ബര്‍മന്‍, കല്യാണ്‍ജി ആനന്ദ്ജി, ലക്ഷ്മികാന്ത് പ്യാരേലാല്‍, ജയ്ദേവ് തുടങ്ങിയ ഇതിഹാസ സംഗീതജ്ഞര്‍ക്കായി വാണി ഗാനമാലപിച്ചു. മുഹമ്മദ് റാഫി, മുകേഷ്, മന്നാഡേ എന്നിവരോടൊപ്പം വാണിയുടെ മധുരസ്വരവും ആസ്വാദകര്‍ കേട്ടു.
1974-ല്‍ ചെന്നൈയിലേക്ക് താമസം മാറിയതോടെ വാണി ദക്ഷിണേന്ത്യന്‍ ഭാഷകളിലും സജീവമായി. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഏതോ ജന്മകല്‍പനയില്‍, വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, ഓലഞ്ഞാലിക്കുരുവി, തിരയും തീരവും എന്നിവയെല്ലാം മലയാളികള്‍ മറക്കാത്ത ഹിറ്റ് ഗാനങ്ങളാണ്. 1975 – ‘ഏഴു സ്വരങ്ങള്‍’ (അപൂര്‍വ്വരാഗങ്ങള്‍),1980 – ശങ്കരാഭരണം, 1991 – സ്വാതികിരണം എന്നിവക്ക് ദേശീയ പുരസ്‌കാരം ലഭിച്ചു.

