കൊല്‍ക്കത്ത: ഐ.എസ്.എല്ലില്‍് ഏകപക്ഷീയമായ ഒരു ഗോളിന് ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട് കേരള ബ്‌ളാസ്റ്റേഴ്‌സ്. മത്സരത്തിന്റെ 77-ാം മിനിട്ടില്‍ ക്‌ളീറ്റണ്‍ സില്‍വയാണ് ബ്‌ളാസ്റ്റേഴ്‌സിന്റെ വലകുലുക്കിയത്. ഇന്‍ജുറി ടൈമില്‍ ലൂണയെ ഫൗള്‍ ചെയ്തതിന് ബംഗാളിന്റെ മുബഷിര്‍ ചുവപ്പുകാര്‍ഡ് കണ്ടു. ഐ.എസ്.എല്ലില്‍ ആദ്യമായാണ് ഈസ്റ്റ് ബംഗാള്‍ ബ്‌ളാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കുന്നത്.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രമായിരുന്നില്ല, നല്ല മുന്നേറ്റങ്ങളും ഇരുഭാഗത്തും ഉണ്ടായില്ല. അതിനൊപ്പം റഫറിയുടെ മണ്ടന്‍ തീരുമാനങ്ങളും മത്സരത്തിന്റെ രസം നശിപ്പിച്ചു. ഈസ്റ്റ് ബംഗാളിന്റെ മലയാളി താരം വി.പി സുഹൈറിന്റെ ഒരു ഹാന്‍ഡ് ബാള്‍ കാണാതിരുന്ന റഫറി ബ്‌ളാസ്റ്റേഴ്‌സിന് അര്‍ഹതപ്പെട്ട ഒരു പെനാല്‍റ്റി ആദ്യ പകുതിയില്‍ നിഷേധിച്ചു. ആദ്യ പകുതിയുടെ അവസാന സമയത്ത് സുഹൈര്‍ വലുകുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. എന്നാല്‍ അത് ഓഫ് ആയിരുന്നില്ലെന്ന് റീപ്‌ളേയില്‍ വ്യക്തമായിരുന്നു. ആദ്യ പകുതിയുടെ അവസാന സമയത്താണ് ആതിഥയേരുടെ ഭാഗത്തുനിന്ന് നല്ല രണ്ട് മുന്നേറ്റങ്ങള്‍ ഉണ്ടായതുതന്നെ.
രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ ഈസ്റ്റ് ബംഗാളിന്റെ നല്ലൊരു മുന്നേറ്റം കണ്ടു. എന്നാല്‍ കെ.പി രാഹുലും ലൂണയും ചേര്‍ന്ന് എതിര്‍ഭാഗത്തേക്കും മുന്നേറ്റങ്ങള്‍ നടത്തി. 57-ാം മിനിട്ടില്‍ സഹലിനെയും നിഷുകുമാറിനെയും ഇറക്കി ബ്‌ളാസ്റ്റേഴ്‌സ് ആധിപത്യത്തിന് ശ്രമിച്ചെങ്കിലും ഗോളടിക്കാന്‍ അവസരം ലഭിച്ചത് ഈസ്റ്റ് ബംഗാളിനായിരുന്നു. 77-ാം മിനിട്ടില്‍ ബ്‌ളാസ്റ്റേഴ്‌സ് ഗോള്‍മുഖത്തുനടന്ന ഒരു കൂട്ടപ്പൊരിച്ചിലിനൊടുവിലാണ് ക്‌ളീറ്റണ്‍ സില്‍വ വലകുലുക്കിയത്. ക്‌ളീറ്റന്റെ സീസണിലെ പത്താം ഗോളായിരുന്നു ഇത്.

