ചാറ്റ്ജിപിടിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ആമസോണ്‍

ചോദിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും നിമിഷ നേരം കൊണ്ട് തന്നെ ഉത്തരം നല്‍കുമെന്നതാണ് ചാറ്റ്ജിപിടിയുടെ പ്രധാന പ്രത്യേകത. എന്നാല്‍, ചാറ്റ്ജിപിടിയെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായാണ് ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്. കമ്ബനിയെ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍ ചാറ്റ്ജിപിടി മുഖാന്തരം പങ്കുവയ്ക്കരുതെന്ന് ആമസോണ്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ദൈനംദിന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, ഗവേഷണ ആവശ്യങ്ങള്‍ക്കുമായി ആമസോണിലെ ജീവനക്കാര്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നതായി കമ്ബനിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ആമസോണ്‍ എത്തിയത്. ചാറ്റ്ജിപിടി മുഖാന്തരം പങ്കുവയ്ക്കുന്ന കമ്ബനിയുടെ വിവരങ്ങള്‍ ഭാവിയില്‍ ദുരുപയോഗ ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ആമസോണിന്റെ വിലയിരുത്തല്‍.

ജോലി സംബന്ധമായ എല്ലാ പ്രശ്‌നങ്ങളും നിമിഷങ്ങള്‍ക്കകം പരിഹരിക്കുമെന്നതിനാല്‍ ആമസോണിലെ ജീവനക്കാരില്‍ വളരെ വേഗത്തിലാണ് ചാറ്റ്ജിപിടി മതിപ്പുളവാക്കിയത്. ഓണ്‍ലൈനില്‍ ലഭ്യമായ ഉറവിടങ്ങളുടെ അടിസ്ഥാനത്തിലാണ് ചാറ്റ്ജിപിടി വിവരങ്ങള്‍ നല്‍കുന്നത്.