ശ്രീനഗർ: ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിർത്തിവെക്കേണ്ടി വന്നതിൽ കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് പോലീസ്. യാത്രയിൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്ന് ജമ്മു കാശ്മീർ പോലീസ് അറിയിച്ചത്. യാത്രയ്ക്ക് സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളും ഭരണകൂടം സ്വീകരിച്ചതായി ജമ്മു കശ്മീർ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആർ കെ ഗോയൽ വ്യക്തമാക്കി.
നേരത്തെ അറിയിച്ചിരുന്നതിനെക്കാൾ ആൾക്കൂട്ടം യാത്രയിൽ എത്തി. ഇത് സുരക്ഷാജീവനക്കാർക്ക് മേൽ സമ്മർദ്ദമുണ്ടാക്കിയെന്ന് അദ്ദേഹം വിശദീകരിച്ചു. രാഹുൽ ഗാന്ധിയ്ക്കും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ നൽകാനായി 15 കമ്പനി കേന്ദ്രസേനയേയും 10 കമ്പനി കാശ്മീർ പൊലീസിനെയുമാണ് നിയോഗിച്ചിരുന്നത്. ബെനിഹാലിൽ ഇത്രയധികം പേർ എത്തുമെന്ന് സംഘാടകർ അറിയിച്ചിരുന്നില്ല. സംഘാടകരായവരെ മാത്രമാണ് യാത്രയിൽ അനുവദിച്ചിരുന്നതെന്നും പോലീസ് വിശദീകരിച്ചു.
യാത്ര നിർത്തിവയ്ക്കുന്നതിനെക്കുറിച്ചും അറിയിച്ചിരുന്നില്ലെന്നും പഴുതുകളില്ലാത്ത സുരക്ഷ ഇനിയും ഒരുക്കുമെന്നും ജമ്മു കശ്മീർ പോലീസ് കൂട്ടിച്ചേർത്തു. നിയന്ത്രിക്കാൻ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരില്ലാത്തതിനെ തുടർന്നാണ് ഭാരത് ജോഡോ യാത്ര നിർത്തിവച്ചതെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ ആരോപിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് പോലീസ് വിശദീകരണവുമായി രംഗത്തെത്തിയത്.

