ടോക്കിയോ: ജപ്പാനില്‍ ജനനനിരക്ക് കുറയുന്ന സാഹചര്യത്തില്‍ അടിയന്തര നടപടിയെന്ന് പ്രധാനമന്ത്രി ഫ്യുമിയോ കിഷിധ. ‘ജനന നിരക്കിലെ കുറവ് നികത്തുന്നതിന് ഉടന്‍ തന്നെ പരിഹാരം കാണണം. ഇപ്പോഴല്ലെങ്കില്‍ പിന്നീട് ഒരിക്കലും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. ഒരുപാട് സമയം ഇതിനായി കാത്തിരിക്കാന്‍ കഴിയില്ല. കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കായി ജൂണില്‍ ബജറ്റ് അവതരിപ്പിക്കും. ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കും. ജനനനിരക്ക് കുറവ് പരിഹരിക്കാനായി ചില്‍ഡ്രന്‍സ് ആന്‍ഡ് ഫാമിലിസ് സര്‍ക്കാര്‍ ഏജന്‍സിയെ നിയമിക്കും’- അദ്ദേഹം അറിയിച്ചു.
അതേസമയം, കഴിഞ്ഞ വര്‍ഷങ്ങളിലെ സര്‍വ്വേഫലങ്ങളിലാണ് രാജ്യത്ത് ജനനനിരക്ക് ക്രമാതീതമായി കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ജനന നിരക്ക് വര്‍ധിപ്പിക്കാനായി നിരവധി നടപടികളും ജപ്പാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന മാതാപിതാക്കള്‍ക്ക് സാമ്പത്തിക സഹായമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 800000 ആണ് കഴിഞ്ഞ വര്‍ഷം ജനിച്ച കുട്ടികളുടെ എണ്ണം. ഇത് രാജ്യത്തെ ജനസംഖ്യ വളര്‍ച്ചയെ തന്നെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ജീവിതച്ചെലവ് കൂടിയ രാജ്യങ്ങളിലൊന്നാണ് ജപ്പാന്‍. ഇത് തന്നെയാണ് ഇവിടെ ജനന നിരക്ക് കുറയുന്നതെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ഏറ്റവുമധികം ചെലവ് രേഖപ്പെടുത്തിയ മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍ എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയും ദക്ഷിണ കൊറിയയുമാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. അതിനിടെ ജപ്പാന്റെ പ്രതിദിന കോവിഡ് കണക്ക്. ജനുവരി ആറിന് മാത്രം 456 കോവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

