തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാർ ജനാധിപത്യത്തെ കയ്യാമം വയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിലാണ് അദ്ദേഹം സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഫിറോസിന്റെ അറസ്റ്റ് സർക്കാരിന്റെ പ്രതികാര നടപടിയാണ്. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമർത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ട. സിപിഎമ്മും പോഷക സംഘടനകളുമാണ് സംസ്ഥാനത്ത് ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത്. അങ്ങനെയുള്ളവർക്ക് ഇപ്പോൾ സമരമെന്ന് കേൾക്കുമ്പോൾ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് അദ്ദേഹം ചോദിക്കുന്നു.
തെറ്റായ നയങ്ങൾക്കെതിരെ ഇനിയും പ്രതിഷേധിക്കും. ജനകീയ സമരങ്ങളുടെ മുൻ നിരയിൽ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകും. അറസ്റ്റിലൂടെ ഭയപ്പെടുത്താൻ നോക്കണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

