പാലാ നഗരസഭാ തെരഞ്ഞെടുപ്പ്; തന്റെ പേര് അനാവശ്യമായി വലിച്ചിഴക്കുന്നുവെന്ന് ജോസ് കെ മാണി

പാലാ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ജോസ് കെ മാണി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ആര് ചെയര്‍മാനായാലും തനിക്ക് കുഴപ്പമില്ലെന്നും, വിവാദങ്ങള്‍ ഉണ്ടാക്കാതെ പാലായിലെ വിഷയം പരിഹരിക്കണമെന്നും ജോസ് കെ മാണി കത്തില്‍ ആവശ്യപ്പെട്ടു.

കോട്ടയം ജില്ലയിലെ സിപിഐഎം നേതാക്കള്‍ സിഐടിയു ദേശീയ സമ്മേളനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ ആയതിനാല്‍ പാലാ നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ന് തന്നെ നേതാക്കള്‍ ബാംഗ്ലൂരില്‍ യോഗം ചേര്‍ന്ന് തീരുമാനം ഏരിയ കമ്മിറ്റിയെ അറിയിക്കും. നാളെ രാവിലെ എട്ടുമണിക്ക് പാലായില്‍ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാകും തീരുമാനം അറിയിക്കുക.

അതേസമയം, കേരള കോണ്‍ഗ്രസ് വിലപേശല്‍ നടത്തുകയാണെന്നാണ് സിപിഐയും സിപിഐഎം പാലാ ഏരിയ കമ്മിറ്റിയും ആരോപിക്കുന്നത്. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കാന്‍ ജോസ് കെ മാണി സമ്മര്‍ദം ചെലുത്തിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. നാളെ പാലാ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സിപിഐഎം സ്ഥാനാര്‍ഥി ആരാണെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. പരസ്യമായി ബിനു പുളിക്കകണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ജോസ് കെ മാണിയും സ്റ്റീഫന്‍ ജോര്‍ജും വ്യക്തമാക്കിയത്.