‘രാം കെ നാം’ ഡോക്യുമെന്ററിക്ക് നിയന്ത്രണം; ഹിന്ദുത്വ കളിയെന്ന് സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍

മുംബൈ: ‘രാം കെ നാം’ ഡോക്യുമെന്ററി ചിത്രത്തിന് യൂട്യൂബില്‍ നിയന്ത്രണം. 1992ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് യൂട്യൂബ് പ്രായനിയന്ത്രണം ഏര്‍പ്പെടുത്തി. ചിത്രത്തിന്റെ സംവിധായകനും സാമൂഹിക പ്രവര്‍ത്തകനുമായ ആനന്ദ് പട്വര്‍ധനാണ് നിയന്ത്രണത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. യൂട്യൂബില്‍ നിന്നുള്ള അറിയിപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു ആനന്ദ് പട്വര്‍ധന്‍ ഇക്കാര്യം അറിയിച്ചത്.

താങ്കളുടെ കണ്ടെന്റ് വിലയിരുത്തിയ ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് യോജിച്ചതല്ലെന്ന് തീരുമാനമെടുത്തിരിക്കുകയാണെന്ന് യൂട്യൂബ് അറിയിപ്പില്‍ പറയുന്നു. കമ്ബനിയുടെ ‘കമ്മ്യൂണിറ്റി ഗൈഡ്ലൈന്‍സ്’ പ്രകാരമാണ് നടപടിയെന്നും സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഹിന്ദുത്വ കളിയാണിതെന്ന് ആനന്ദ് പട്വര്‍ധന്‍ പറഞ്ഞു. 31 വര്‍ഷം മുന്‍പ് സെന്‍സര്‍ ബോര്‍ഡ് ‘യു’ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിന്റെ ട്രെയിലറിനാണിപ്പോള്‍ പ്രായനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനന്ദിന് നേരിട്ട് അയച്ച ഇ-മെയിലിലാണ് യൂട്യൂബ് നിയന്ത്രണത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്.

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കാനായി വിശ്വഹിന്ദു പരിഷത്തും ഹിന്ദുത്വ സംഘങ്ങളും രാജ്യവ്യാപകമായി നടത്തിയ പ്രക്ഷോഭങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ഗീയ കലാപങ്ങളും തുറന്നുകാട്ടുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള ഫിലിംഫെയര്‍ പുരസ്‌കാരം, മികച്ച അന്വേഷണാത്മക ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം എന്നിവയെല്ലാം ‘രാം കെ നാമി’നു ലഭിച്ചിട്ടുണ്ട്. വിവിധ അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്.