കൊച്ചി: എൽജെഡി- ജെഡിഎസ് ലയനത്തിന് അംഗീകാരം. ജെഡിഎസ് സംസ്ഥാന സമിതിയാണ് അംഗീകാരം നൽകിയത്. സിപിഎം നിർദ്ദേശ പ്രകാരമാണ് നടപടി. ലയനത്തോടെ നിയമസഭയിൽ മൂന്ന് അംഗങ്ങളുള്ള പാർട്ടിയായി ജെഡിഎസ് മാറും. ജെഡിഎസിന് രണ്ട് എംഎൽഎയും എൽജെഡിയ്ക്ക് ഒരു എംഎൽഎയുമാണുള്ളത്. മാത്യു ടി തോമസ് ജെഡിഎസ് സംസ്ഥാന അധ്യക്ഷനായി തുടരും. എൽജെഡി അധ്യക്ഷൻ ശ്രേയംസ് കുമാർ ജെഡിഎസിന്റെ ദേശീയ സെക്രട്ടറിയാകുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സംസ്ഥാന ഭാരവാഹിത്വം ഇരു പാർട്ടികളും തുല്യമായി വീതിച്ചെടുക്കും. രണ്ടു പേർക്ക് ഏഴു വീതം ജില്ലാ പ്രസിഡന്റുമാരെ ലഭിക്കും. ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ ഉണ്ടാകും. മാത്യു ടി തോമസ്, മന്ത്രി കെ. കൃഷ്ണൻ കുട്ടി, എ. നീലലോഹിതദാസൻ നാടാർ തുടങ്ങിയവർ ഉൾപ്പെട്ട മൂന്നംഗ സമിതിയെ ലയന ചർച്ചകൾക്കായി ജെഡിഎസ് നിയോഗിച്ചിരുന്നു. ഏഴംഗ സമിതിയെ ആണ് ലയന ചർച്ചകൾക്കായി എൽജെഡി ചുമതലപ്പെടുത്തിയത്.
ശരത് യാദവ് അടക്കമുള്ളവർ എൽജെഡി വിട്ട് ആർജെഡിയിൽ ചേർന്നതോടെയാണ് സംസ്ഥാന ഘടകം ലയന ചർച്ച സജീവമാക്കിയത്. സിപിഎമ്മും രണ്ടു പാർട്ടികളും ലയിക്കണമെന്ന ആവശ്യം ഉന്നയിച്ചു. സിപിഎമ്മുമായി പിളർന്ന് കോൺഗ്രസിനൊപ്പം ചേരാൻ വീരേന്ദ്ര കുമാർ തീരുമാനിച്ചതോടെയാണ് കേരളത്തിലെ സോഷ്യലിസ്റ്റുകൾ രണ്ടു ചേരിയായത്. പിന്നീട് ഇടതുപക്ഷത്തേക്ക് ശ്രേയാംസ് കുമാറും കൂട്ടരും തിരിച്ചെത്തി. ഇതോടെ രണ്ടു പേരും ലയിക്കുന്നതാണ് നല്ലതെന്ന് സിപിഎം നിലപാടെടുത്തത്.
സിപിഎം കൂടി അംഗീകരിച്ചാണ് ഇരു പാർട്ടികളും ചേർന്ന് ജെഡിഎസ് എന്ന ഒറ്റ പാർട്ടിയായി മാറുന്നത്. വർഗീയ ശക്തികളുമായി സോഷ്യലിസ്റ്റ് പാർട്ടികൾക്ക് വിട്ടുവീഴ്ചയില്ല. പലസംസ്ഥാനങ്ങളിലും സോഷ്യലിസ്റ്റ് ഏകീകരണം ഉണ്ടെന്നും ഇത് ദേശീയ തലത്തിൽ സോഷ്യലിസ്റ്റ് ഏകീകരണത്തിന് വഴിയൊരുക്കുമെന്നും എം വി ശ്രേയാംസ് കുമാർ അറിയിച്ചു.

