ന്യൂഡൽഹി: വന്യജീവി സങ്കേതങ്ങൾക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി ജനങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കിയെന്ന് സുപ്രീം കോടതിയെ അറിയിച്ച് കേരളം. വയനാട്, ഇടുക്കി കുമിളി, മൂന്നാർ, നെയ്യാർ, പാലക്കാട്, റാന്നി തുടങ്ങിയ മേഖലകളിലെ ജനങ്ങൾക്കിടയിലാണ് ബഫർ സോൺ നിർബന്ധമാക്കിയ സുപ്രീം കോടതി വിധി അരക്ഷിതാവസ്ഥ ഉണ്ടാക്കിയതെന്ന് കേരളം വ്യക്തമാക്കി. സുപ്രീം കോടതിയിൽ ഫയൽചെയ്ത അപേക്ഷയിലാണ് കേരളം ഇക്കാര്യം അറിയിച്ചിട്ടുള്ളത്.
ബഫർ സോണിൽ സ്ഥിര നിർമാണങ്ങൾ പൂർണ്ണമായും നിരോധിക്കണമെന്ന വിധി നടപ്പാക്കാൻ പ്രയാസമാണെന്നും ഇത്തരം ഒരു നിരോധനം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുമെന്നും അപേക്ഷയിൽ കേരളം പറഞ്ഞിട്ടുണ്ട്. സുപ്രീം കോടതി വിധി വരുന്നതിന് മുമ്പുതന്നെ നിരവധി ചെറുകിട, ഇടത്തരം നഗരങ്ങൾ ബഫർ സോൺ മേഖലകളിൽ ഉണ്ടായിട്ടുണ്ട്.
ഈ മേഖകളകളിലുള്ളവരെ പുനരധിവസിപ്പിക്കുക പ്രായോഗികമല്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകളിൽ ബഫർ സോൺ വിധി നടപ്പാക്കുന്നതിൽ നിന്ന് ഇളവ് അനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചാണ് കേരളം അപേക്ഷ സമർപ്പിച്ചത്.

