പത്തനംതിട്ടയിലെ സ്‌കൂളിൽ ഭക്ഷ്യവിഷ ബാധ; വിദ്യാർത്ഥികളും അധ്യാപകരും ആശുപത്രിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിലെ സ്‌കൂളിൽ ഭക്ഷ്യവിഷ ബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷ ബാധ ഉണ്ടായത്. 13 വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപികയും ചികിത്സയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ വാർഷികാഘോഷത്തിനിടെ ബിരിയാണി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ആരുടെയും നില ഗുരുതരമല്ല. സ്‌കൂൾ വാർഷികാഘോഷത്തിനിടെ ചിക്കൻ ബിരിയാണി കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് ഒരാഴ്ചയ്ക്കിടെ രണ്ട് മരണം നടന്നിരുന്നു. തുടർന്ന് സംസ്ഥാനത്തെ ഹോട്ടലുകളിൽ കർശന പരിശോധന നടക്കുന്നുണ്ട്. അതിനിടെയാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കുടുംബത്തിന് ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ ക്യാമൽ റെസ്റ്റോ ഹോട്ടൽ പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.