തിരുവനന്തപുരം: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്താ ജെറോമിന് പിന്തുണയുമായി മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. യുവജന കമ്മീഷൻ അധ്യക്ഷയുടെ ശമ്പളം ഇരട്ടിയാക്കിയത് സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തിലാണ് കെ കെ ശൈലജ ചിന്ത ജെറോമിനെ പിന്തുണച്ച് രംഗത്തെത്തിയത്.
രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നതെന്ന് കെ കെ ശൈലജ പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ശൈലജയുടെ പരാമർശം.
അതിന്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ശൈലജ ചൂണ്ടിക്കാട്ടി. വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്നും കെ കെ ശൈലജ കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
രാജ്യത്ത് വിവിധങ്ങളായ സ്റ്റാറ്റിയൂട്ടറി കമ്മീഷനുകൾ ഇന്ന് നിലവിലുണ്ട്. ഉത്തരവാദിത്വപ്പെട്ട സ്ഥാനമെന്ന നിലയിൽ കമ്മീഷൻ ചെയർമാൻമാർക്കെല്ലാം നിശ്ചയിച്ച മാനദണ്ഡത്തിന് അടിസ്ഥാനമായ ശമ്പളമാണ് ചിന്താ ജെറോമും കൈപ്പറ്റുന്നത്. അതിന്റെ പേരിൽ ഒരാളെ മാത്രം ഒറ്റതിരിഞ്ഞ് അക്രമിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
രാഷ്ട്രീയ വിമർശനങ്ങൾ സ്ത്രീകൾക്കെതിരെയാവുമ്പോൾ കൂടുതൽ വ്യക്തികേന്ദ്രീകൃതവും സഭ്യതയുടെ സീമകൾ ലംഘിക്കുന്നതുമാവുന്നത് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല.
വാസ്തവ വിരുദ്ധമായ കാര്യത്തെ മുൻനിർത്തി സഖാവ് ചിന്താ ജെറോമിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണ്.

