കെഎസ്ആര്‍ടിസി ബസുകളുടെ പിന്‍ഭാഗത്ത് പരസ്യം പതിച്ചുകൂടെ?; ചോദ്യവുമായി സുപ്രീംകോടതി

ഡല്‍ഹി: ബസുകളില്‍ പരസ്യം പതിക്കുന്നതിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കെ എസ് ആര്‍ ടി സി നല്‍കിയ ഹര്‍ജിയില്‍ സുപ്രീകോടതി ഇടപെടല്‍. കെ എസ് ആര്‍ ടി സി ബസുകളുടെ പിന്‍ഭാഗത്ത് പരസ്യം പതിച്ചുകൂടെയെന്ന് സുപ്രീംകോടതി ചോദ്യമുന്നയിച്ചു. ബസുകളുടെ ഏതുഭാഗത്ത് പരസ്യം പതിക്കാമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് പുതിയ സ്‌കീം കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചു. സ്‌കീമില്‍ അന്തിമ തീരുമാനമുണ്ടാകുന്നതു വരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും കോടതി അറിയിച്ചു. തിങ്കളാഴ്ച്ച ഇത് പരിഗണിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പരസ്യം സ്ഥാപിക്കുന്നത്. പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് വന്‍ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. ഉത്തരവ് കൃത്യമായ പഠനമില്ലാതെയായിരുന്നു എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. തലയില്‍ തേയ്ക്കുന്ന എണ്ണയുള്‍പ്പെടെയുള്ളവയുടെ വാണിജ്യ പരസ്യങ്ങളാണ് ബസുകളുടെ വശങ്ങളിലായി പതിപ്പിക്കാറെന്ന് കെ എസ് ആര്‍ ടി സിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങള്‍ 9,000 കോടിയുടെ കടമുള്ള കെ എസ് ആര്‍ ടി സിക്ക് വലിയ ആശ്വാസമാണ്. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും നിയന്ത്രണം കൊണ്ടുവരണമെങ്കില്‍ കോടതിക്ക് സര്‍ക്കാരിന് നിര്‍ദേശം നല്‍കാം. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്കെതിരെയാണ് നടപടി എടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ബസുകളില്‍ പതിക്കുന്ന ചലച്ചിത്ര താരങ്ങളുടെ പരസ്യം മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ മാറ്റില്ലേയെന്ന് സുപ്രീം കോടതി ചോദിച്ചു.