തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സർക്കാർ സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയായ സിപിഎം നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തുടർഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സിപിഎമ്മും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സിപിഎമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ്. ഇതിനൊക്കെ ജനം തിരിച്ചടി നൽകുക തന്നെ ചെയ്യുമെന്ന് വി ഡി സതീശൻ മുന്നറിയിപ്പ് നൽകി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
സർക്കാർ സമാനതകളില്ലാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ പോകുമ്പോൾ യൂത്ത് കമ്മീഷൻ അധ്യക്ഷയായ CPM നേതാവിന്റെ ശമ്പളം ഇരട്ടിയാക്കുകയും അതിന് മുൻകാല പ്രാബല്യം നൽകുകയും ചെയ്തതിലൂടെ സർക്കാർ എന്ത് സന്ദേശമാണ് നൽകുന്നത്?
പാവങ്ങളുടെ സാമൂഹിക സുരക്ഷാ പെൻഷൻ പോലും നൽകാൻ കഴിയാത്തത്ര ഗുരുതരമായ ധന പ്രതിസന്ധിയ്ക്കിടെയാണ് അധാർമ്മികമായ ഈ നടപടി. എത്ര ലാഘവത്വത്തോടെയാണ് സർക്കാർ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്! നികുതി പിരിവ് നടത്താതെയും ധൂർത്തടിച്ചും സർക്കാർ തന്നെ ഉണ്ടാക്കിയതാണ് ഇപ്പോഴത്തെ ധന പ്രതിസന്ധി. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്ന് സർക്കാരും സി.പി.എമ്മും ഓർക്കണം. ജനാധിപത്യ വ്യവസ്ഥയിൽ യജമാനൻമാരായ ജനങ്ങളെ സർക്കാരും സി.പി.എമ്മും വെല്ലുവിളിക്കുകയും പരിഹസിക്കുകയുമാണ്. ഇതിനൊക്കെ ജനം തിരിച്ചടി നൽകുക തന്നെ ചെയ്യും.

