മന്ത്രി സജി ചെറിയാന് ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല; വിശദാംശങ്ങൾ അറിയാം…..

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് ഫിഷറീസ്, സാംസ്‌കാരികം, യുവജനകാര്യം തുടങ്ങിയ വകുപ്പുകളുടെ ചുമതല ലഭിച്ചു. സജി ചെറിയാൻ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകളാണിത്. ഹാർബർ എൻജിനിയറിങ്, ഫിഷറീസ് സർവകലാശാല, സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ, സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക പ്രവർത്തക ക്ഷേമ നിധി ബോർഡ് തുടങ്ങിയവയുടെ ചുമതലയും അദ്ദേഹം നിർവ്വഹിക്കും.

ആദ്യം മന്ത്രിയായിരുന്നപ്പോൾ ഉണ്ടായിരുന്ന അനക്സ് ഒന്നിലെ നാലാം നിലയിലുള്ള മുറിയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ഓഫീസായി അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനത്തിന്റെ നമ്പരാണ് അദ്ദേഹത്തിന് വീണ്ടും ലഭിച്ചിരിക്കുന്നത്. എട്ടാണ് സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പർ.

കഴിഞ്ഞ ദിവസമാണ് സജി ചെറിയാൻ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് സജി ചെറിയാന് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ.

അതേസമയം, സജി ചെറിയാനെതിരായ കേസ് അവസാനിപ്പിക്കുന്നതിന് എതിരായി സമർപ്പിച്ച തടസ ഹർജി കോടതി തള്ളി. തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസ് അവസാനിപ്പിക്കുന്നതിന് പോലീസ് നൽകിയ അപേക്ഷ പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.