രാജ്യം വിടാൻ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; ഹരിയാന മുൻ കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി വനിതാ കോച്ച്

ചണ്ഡിഗഡ്: ഹരിയാന മുൻ കായിക മന്ത്രി സന്ദീപ് സിംഗിനെതിരെ ഗുരുതര ആരോപണവുമായി വനിതാ കോച്ച്. സന്ദീപ് സിംഗ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വനിതാ കോച്ചിന്റെ ആരോപണം. രാജ്യം വിടാൻ സന്ദീപ് സിംഗ് ഒരു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഇവർ ആരോപിക്കുന്നു. കേസ് അന്വേഷണത്തിനായി ചണ്ഡിഗഡ് പോലീസ് മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സംഘം വനിതാ കോച്ചിനെ എട്ടു മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

ഇരയായ യുവതി അഭിഭാഷകർക്കൊപ്പം രാവിലെ 11 മണിയോടെ സെക്ടർ 26 പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയിരുന്നു. യുവതിയുടെ സെൽഫോണുകളും ചില രേഖകളും അവർ എസ്ഐടിക്ക് കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഇരയുടെ മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ സിആർപിസി സെക്ഷൻ 164 പ്രകാരം രേഖപ്പെടുത്തണമെന്ന് അഭിഭാഷകൻ ദീപാൻഷു ബൻസാൽ ആവശ്യപ്പെട്ടിരുന്നു. മുൻമന്ത്രി രാജ്യം വിടാനായി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി ചോദ്യം ചെയ്യലിന് ശേഷം വനിതാ കോച്ച് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം, നാല് തവണ ചോദ്യം ചെയ്തിട്ടും ഇരയെ ബിജെപി നേതാവിനെതിരെ ഇതുവരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ പോലും വിളിച്ചിട്ടില്ലെന്നും ഇരയുടെ അഭിഭാഷകൻ ബൻസാൽ ആരോപിച്ചു. ജിമ്മിൽ വച്ചാണ് സിംഗ് ആദ്യമായി തന്നെ കണ്ടതെന്നും പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെ തന്നെ ബന്ധപ്പെടുകയായിരുന്നുവെന്നും കോച്ച് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും സ്‌നാപ്ചാറ്റിലും സിംഗ് സന്ദേശങ്ങൾ അയച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈ മാസം സ്‌നാപ്ചാറ്റ് കോളിൽ വിളിക്കുകയും ചില ഔദ്യോഗിക ജോലികൾക്കായി ചണ്ഡീഗഡിലെ സെക്ടർ 7 ലെ തന്റെ ഓഫീസിലേക്ക് വരാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വൈകിട്ട് 6.50 ഓടെ ഓഫീസിലെത്തി തന്നെ അയാൾ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയിൽ കോച്ച് വിശദീകരിക്കുന്നു.

അയാൾ തന്റെ ടീ ഷർട്ട് വലിച്ച് കീറി. വാതിൽ തുറന്നു കിടന്നതിനാൽ താൻ അയാളെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354, 354 എ (ലൈംഗിക പീഡനം), 354 ബി , 342, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് സിംഗ് അറിയിച്ചിട്ടുള്ളത്.