തിരുവനന്തപുരം: മൃഗഡോക്ടറും സംഘവും ഇനി വീട്ടുപടിക്കലെത്തും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കേന്ദ്ര മൃഗസംരക്ഷണ, ക്ഷീരവകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല കാര്യവട്ടം ട്രാവന്‍കൂര്‍ ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിര്‍വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ മൂന്ന് കോടി ചെലവിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി 29 മൊബൈല്‍ ക്‌ളിനിക്കുകള്‍ സജ്ജമാക്കി. വെറ്ററിനറി ഡോക്ടര്‍, പാരാ വെറ്ററിനറി സ്റ്റാഫ്, അറ്റന്‍ഡന്റ് കം ഡ്രൈവര്‍ എന്നിവരെ ലഭ്യമാകും. ഓരോ ജില്ലയിലും രണ്ട് ക്‌ളിനിക്കുകള്‍ വീതമാണുള്ളത്. ഇടുക്കിയില്‍ മൂന്ന് ക്‌ളിനിക്കുകളുണ്ട്. തലസ്ഥാനത്ത് നെടുമങ്ങാടും പാറശാലയിലുമാണ് മൊബൈല്‍ ക്ലിനിക്കുകള്‍. 1962 എന്ന ടോള്‍ഫ്രീ നമ്ബരില്‍ വിളിക്കുമ്‌ബോള്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത സെന്ററില്‍ ലഭിക്കുന്ന കോള്‍ വിളിക്കുന്ന വ്യക്തിയുടെ ഏറ്റവും അടുത്തുള്ള മൊബൈല്‍ ക്‌ളിനിക്കിലേക്ക് ജി.പി.എസ് സംവിധാനം വഴി കൈമാറും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ 8 വരെയാണ് മൊബൈല്‍ ക്‌ളിനിക്കുകളുടെ പ്രവര്‍ത്തനം. ബാക്കിസമയം മില്‍മ നിയമിച്ചിട്ടുള്ള ഡോക്ടര്‍മാര്‍, മൃഗാശുപത്രികളില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍, ഫോറസ്റ്റിന്റെ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.
നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍ ടോള്‍ ഫ്രീ നമ്ബര്‍ 1962 പുറത്തിറക്കും. മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. എം.പിമാരായ ശശിതരൂര്‍, ബിനോയ് വിശ്വം, എ.എ.റഹിം, പി.ടി.ഉഷ, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ജില്ലാകളക്ടര്‍ ജെറോമിക് ജോര്‍ജ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

