സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാർ; 122 ടെറിട്ടോറിയൽ ആർമിയുടെ കേരളത്തിലെ ആസ്ഥാനം സന്ദർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 122 ടെറിട്ടോറിയൽ ആർമിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹിൽ കേന്ദ്രം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സൈനികരുടെ ക്ഷേമത്തിന് വേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വീരമൃത്യു വരിച്ച നായിക് ബികെ അനിൽകുമാർ, ഹവീൽദാർ വിജയൻ എം എന്നീ ധീര സൈനികരുടെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു. ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്തവരുടെ പത്‌നിമാരെ കണ്ടത് ഏറെ വികാരപരമായ അനുഭവമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീരചരമം പ്രാപിച്ച സൈനികരുടെ കുടുംബാംഗങ്ങളെ കണ്ടത്. ഒരു ഭേദചിന്തയുമില്ലാതെ രാഷ്ട്ര സേവനത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് സൈനികരെന്നും രാഷ്ട്ര സേവനത്തിനിടെ വീരചരമം അടഞ്ഞ രണ്ടു പേരുടെ കുടുംബത്തെ കണ്ടത് വികാരപരമായ അനുഭവമായെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമം അർപ്പിക്കുന്നു. അപകടത്തിൽപ്പെടുകയോ മരിക്കുകയോ ചെയ്തവർക്ക് സംസ്ഥാനത്തിന് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുന്നുണ്ട്. കൂടുതൽ കാര്യം ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസ്സോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

122 ടെറിട്ടോറിയൽ ആർമി കമാന്റിങ്ങ് ഓഫീസർ കേണൽ നവീൻ ബഞ്ചിത്ത് ബറ്റാലിയന്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിക്ക് വിശദീകരിച്ചു. അടുത്തിടെയാണ് കണ്ണൂരിൽ നിന്ന് ടി എ ബറ്റാലിയൻ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ആദ്യമായാണ് ഈ കേന്ദ്രത്തിൽ സന്ദർശനം നടത്തുന്നത്.