ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാ ബെന്‍ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഹീരാ ബെന്നിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നൂറ്റാണ്ട് കാലം നീണ്ടുനിന്ന ത്യാഗഭരിതമായ ജീവിതമായിരുന്നു അമ്മയുടേതെന്ന് അദ്ദേഹം അനുസ്മരിച്ചു.
അമ്മയുമായുള്ള തന്റെ ആത്മബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി പലതവണ വാചാലനായി. അസാധാരണ വ്യക്തിത്വത്തിനുടമയായ തന്റെ അമ്മ വളരെ ലളിതമായി ജീവിച്ചു പോന്ന സ്ത്രീയാണെന്ന് പ്രധാനമന്ത്രി അഅമ്മയുടെ നൂറാം പിറന്നാള്‍ ദിവസം പ്രധാനമന്ത്രി തന്റെ ബ്ലോഗില്‍ എഴുതി. തന്റെ ജീവിതത്തിന്റെ നെടുംതൂണാണ് അമ്മയെന്നാണ് ഫെയ്സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ അഭിമുഖത്തില്‍ അമ്മയെക്കുറിച്ച് സംസാരിക്കുന്നതിനിടെ നരേന്ദ്ര മോദി വികാരാധീനനായി പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ നാലിന് തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുജറാത്തിലെത്തിയ നരേന്ദ്ര മോദി അമ്മയെ സന്ദര്‍ശിച്ചിരുന്നു.
1922 ജൂണ്‍ 18ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാബെന്‍ ജനിച്ചത്. ചായ വില്പനക്കാരനായ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദിയെ വിവാഹം കഴിച്ചു. ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി- ഹീരാബെന്‍ ദമ്പതികളുടെ ആറു മക്കളില്‍ മൂന്നാമനാണ് നരേന്ദ്ര മോദി. സോമ മോദിയാണു മൂത്ത മകന്. അമൃത് മോദി, പ്രഹ്ലാദ് മോദി, പങ്കജ് മോദി. വാസന്തി ബെന്‍ എന്നിവരാണ് മറ്റു മക്കള്‍. ഭര്‍ത്താവിന്റെ മരണം വരെ വഡ്നഗറിലെ കുടുംബ വീട്ടിലായിരുന്നു താമസം. ഭര്‍ത്താവിന്റെ മരണത്തോടെ ഇളയമകനായ പങ്കജ് മോദിയുടെ വീട്ടിലാണ് താമസം

