തിരുവനന്തപുരം: ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നടത്തിയ പ്രസംഗം വൈറലാകുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെയുള്ള ജോൺ ബ്രിട്ടാസ് എംപിയുടെ പ്രസംഗത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. നിരവധി പ്രമുഖർ ഈ പ്രസംഗം റീ ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ജോൺ ബ്രിട്ടാസ് നടത്തിയ പ്രസംഗം കമൽഹാസൻ അടക്കമുള്ള പ്രമുഖരാണ് റീട്വീറ്റ് ചെയ്തത്. പാതി ഇന്ത്യയുടെ ശബ്ദമാണ് ഇതെന്ന കുറിപ്പോടെയാണ് കമൽ ഹാസന്റെ ട്വീറ്റ്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം രാജ്യത്തിന് അപകടകരമാണെന്ന് ജോൺ ബ്രിട്ടാസ് പ്രസംഗത്തിൽ പറയുന്നു. ഐഐടി ഖരഗ്പൂരിൽ ഹിന്ദിയിൽ പരീക്ഷ എഴുതിയിരുന്നെങ്കിൽ ഗൂഗിളിന്റെ തലപ്പത്ത് സുന്ദർ പിച്ചയെ പോലുള്ള വ്യക്തി ഉണ്ടാകുമായിരുന്നോയെന്നും അദ്ദേഹം ചോദിക്കുന്നു. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ രാജ്യസഭയിലെ അവസാന ഇനമായിട്ടാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള പ്രസംഗം അദ്ദേഹം നടത്തിയത്. പ്രധാനമന്ത്രി ഇക്കാര്യം കേൾക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, തെലങ്കാന ഭരണ കക്ഷി ടി ആർ എസിന്റെ സോഷ്യൽ മീഡിയ വിഭാഗവും പ്രസംഗം പോസ്റ്റ് ചെയ്തിട്ടുണ്ട്. എൻ എസ് മാധവനെ പോലുള്ള എഴുത്തുകാരും ജോൺ ബ്രിട്ടാസിന്റെ പ്രസംഗം റിട്വീറ്റ് ചെയ്തു.

