കോവിഡ് പ്രതിരോധം: രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിൽ മോക്ക് ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ചൊവ്വാഴ്ച്ചയാണ് മോക്ക് ഡ്രിൽ നടത്തുന്നത്.

അന്ന് വൈകിട്ട് തന്നെ ഫലം അപ്ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കോവിഡ് കേസുകൾ വർദ്ധിക്കുകയാണെങ്കിൽ ആ സാഹചര്യത്തെ നേരിടുന്നതിന് എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യ കേന്ദ്രങ്ങളെ സജ്ജമാക്കുന്നതിനായാണ് മോക്ക് ഡ്രിൽ നടത്തുന്നതെന്ന് കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി. ആരോഗ്യ വകുപ്പ് ജീവനക്കാർ ജില്ലാ കളക്ടർമാരുടെ മേൽനോട്ടത്തിലായിരിക്കണം മോക്ക് ഡ്രിൽ നടത്തേണ്ടത്. ജില്ല തിരിച്ചുള്ള മുഴുവൻ ആരോഗ്യ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇതിലൂടെ ഉറപ്പുവരുത്തുമെന്നും കേന്ദ്രം വിശദീകരിച്ചു. ഓരോ സംസ്ഥാനങ്ങളിലേയും ആകെയുള്ള ഐസൊലേഷൻ വാർഡുകളുടെയും ഐ.സി.യു., വെന്റിലേറ്റർ സൗകര്യങ്ങളുടെയും ലഭ്യത ഇതിലൂടെ പരിശോധിക്കുന്നതാണ്.