ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ വരിക്കാറുള്ള ഒ.ടി.ടി പ്ലാറ്റ്ഫോമാണ് നെറ്റ്ഫ്ളിക്സ്. എന്നാല്‍, ഇതിന്റെ പാസ്വേഡ് പങ്കുവയ്ക്കുന്ന ഉപയോക്താക്കള്‍ ക്രിമിനല്‍ കേസ് അടക്കമുള്ള നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ഓഫിസ്(ഐ.പി.ഒ) ആണ് ഇക്കാര്യം അറിയിച്ചത്. ‘രണ്ടാംതര പകര്‍പ്പവകാശ ലംഘനം’ ആയി പാസ്വേഡ് ഷെയറിങ്ങിനെ കണക്കാക്കുമെന്ന് ഐ.പി.ഒ സൂചിപ്പിച്ചു.
ഇന്റര്‍നെറ്റിലുള്ള ചിത്രങ്ങള്‍ അനുമതിയില്ലാതെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതും സിനിമകളും ടെലിവിഷന്‍ സീരീസുകളും തത്സമയ കായിക മത്സരങ്ങളുമെല്ലാം സബ്സ്‌ക്രിപ്ഷനില്ലാതെ സ്വന്തമാക്കുന്നത് പകര്‍പ്പാവകാശ ലംഘനമായി കണക്കാക്കും. ഇതിനെ കുറ്റകൃത്യമായി ഗണിച്ച് നടപടി നേരിടേണ്ടിവരുമെന്നും ഐ.പി.ഒ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ സൂചിപ്പിച്ചു.
അടുത്ത വര്‍ഷം ആദ്യംമുതല്‍ പാസ്വേഡ് ഷെയറിങ്ങിന് പണം ഈടാക്കാനാണ് നെറ്റ്ഫ്ളിക്സ് നീക്കം. സ്വന്തം വീട്ടുകാരല്ലാത്ത ആളുകള്‍ക്ക് പാസ്വേഡ് പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കമ്ബനി നേരത്തെയും നടപടി സ്വീകരിച്ചിരുന്നു. ലോകത്തെങ്ങുമായി പത്തു കോടിയിലേറെ വീട്ടുകാര്‍ പാസ്വേഡ് പങ്കുവച്ച് ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടും നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയിരുന്നു.

