വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം; മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി

കൊച്ചി: വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച മെഡിക്കൽ കോളേജ് വിദ്യാർത്ഥികളുടെ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റലിൽ നിന്നും ക്യാമ്പസിലേയ്ക്ക് പോകാൻ വാർഡന്റെ അനുമതി മതിയാകും. എന്നാൽ മറ്റാവശ്യങ്ങൾക്ക് ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങാൻ രക്ഷകർത്താക്കളുടെ അനുമതി വേണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി തീരുമാനിച്ചത്. സർക്കാർ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹർജി തീർപ്പാക്കിയത്. ഹർജിക്കാരെ കോടതി പ്രശംസിക്കുകയും ചെയ്തു. ഹർജി പുതിയ ചിന്താഗതിയ്ക്ക് പ്രേരണയായെന്ന് കോടതി അഭിപ്രായപ്പെട്ടു. സമയ നിയന്ത്രണം സംബന്ധിച്ച് ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദ്ദേശിച്ചു.

പ്രായപൂർത്തിയായ പൗരന്മാരെ അവർക്ക് ഇഷ്ടമുള്ളയിടത്ത് പോകാൻ അനുവദിച്ചു കൂടേയെന്നും കോടതി ചോദിച്ചിരുന്നു.