ചെന്നൈ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായി രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പങ്കെടുക്കും. ഡിസംബർ 24-നാണ് കമൽഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത്. ഭാരത് ജോഡോ യാത്ര ഡൽഹിയിൽ എത്തുമ്പോഴാണ് കമൽഹാസനും മക്കൾ നീതി മയ്യം പ്രവർത്തകരും യാത്രയിൽ പങ്കുചേരുക.
കമൽഹാസൻ ജോഡോ യാത്രയിൽ പങ്കെടുക്കുന്നത് രാഹുൽ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസ്-ഡിഎംകെ സഖ്യവുമായി കൈകോർക്കാൻ കമൽഹാസൻ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് കമൽ ഹാസൻ ഭാരത് ജോഡോ യാത്രയിൽ പങ്കുചേരുന്നത്.
ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണെന്ന് മക്കൾ നീതി മയ്യം വൈസ് പ്രസിഡന്റ് എ ജി മൗര്യ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.