കോഴിക്കോട്: ബഫർസോൺ വിഷയത്തിൽ പ്രതികരണവുമായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഉപഗ്രഹസർവേയിൽ അപാകതകളുണ്ടാകുമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് അദ്ദേഹം പറഞ്ഞു. ജനവാസമേഖല ഏതെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതിയെ സമീപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീം കോടതിയിൽ ഈ റിപ്പോർട്ട് സമർപ്പിക്കില്ല. ജനങ്ങളുടെ പരാതി പരിശോധിച്ച് മാറ്റം വരുത്തുന്ന പുതിയ റിപ്പോർട്ടാണ് സുപ്രീം കോടതിയിൽ സമർപ്പിക്കുന്നത്. പരാതി സമർപ്പിക്കാനുള്ള സമയം നീട്ടുമെന്നും ഇതിനായാണ് കമ്മീഷന്റെ കാലാവധി നീട്ടിയതെന്നും അദ്ദേഹം വിശദീകരിച്ചു.
റിപ്പോർട്ട് നൽകാൻ സമയപരിധി നീട്ടണമെന്ന് കോടതിയോട് അപേക്ഷിക്കും. റവന്യു വകുപ്പിന്റെ സഹായം രേഖാമൂലം ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ദിവസം കത്ത് നൽകിയിട്ടുണ്ട്. അവ്യക്തമായ മാപ്പ് സാധാരണക്കാരന് മനസ്സിലാക്കാൻ പഞ്ചായത്തുകളുടെ സഹകരണം തേടും. ഇത് കേന്ദ്രത്തിന് സമർപ്പിക്കാൻ പറ്റിയ റിപ്പോർട്ടല്ലെന്ന് വ്യക്തമായതാണ്. ബഫർ സോണായി പ്രഖ്യാപിക്കരുതെന്നാണ് സർക്കാരിന്റെ ആവശ്യമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് ശ്രമം നടത്തുന്നത് മംഗളവനത്തിന് 10 മീറ്റർ മാത്രം അകലത്തിലാണ് ഹൈക്കോടതി ഉൾപ്പെടെയുള്ളത്. കേരളത്തിലെ അവസ്ഥ ഇങ്ങനെയാണെന്ന് ബോധ്യപ്പെടുത്തും. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ഏജൻസിയെ വെച്ച് ഉപഗ്രഹമാപ്പിങ് നടത്തിയത്. വിമർശിക്കാൻ വേണ്ടി ഒരു വിമർശനം നടത്തുകയാണ്. ഇതിൽ യുക്തിയുണ്ടെന്ന് തോന്നുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിന്മാറണം. പരിശോധന നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരല്ല. എന്നിട്ടും വനംവകുപ്പാണ് ഇത് ചെയ്തത് എന്ന് പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

