ബഫര്‍ സോണ്‍: ഉപഗ്രഹ സര്‍വേ അവ്യക്തം; നിര്‍ത്തി വെക്കണമെന്ന് വി. ഡി സതീശന്‍

കൊച്ചി: സംസ്ഥാനത്തെ ബഫര്‍സോണില്‍ ഉപഗ്രഹ സര്‍വേ നിര്‍ത്തി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.

‘ഉപഗ്രഹ സര്‍വേ അവ്യക്തമാണ്. നേരിട്ടുള്ള സര്‍വേ ഉടന്‍ നടത്തണം. സര്‍ക്കാര്‍ ചെയ്തത് മാപ്പര്‍ഹിക്കാത്ത തെറ്റാണ്. ബഫര്‍സോണ്‍ സമരം പ്രതിപക്ഷം ഏറ്റെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ സംശയം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. ആശയക്കുഴപ്പമുണ്ടാക്കിയത് സംസ്ഥാന സര്‍ക്കാരാണ്. വ്യക്തതയില്ലാത്ത ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയത്. ഇത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. സര്‍ക്കാര്‍ ഗൗരവരമായിത്തന്നെ കാണണം. വിഷയത്തില്‍ കെ റെയില്‍ മോഡല്‍ സമരം സംഘടിപ്പിക്കും. വിവാദമായപ്പോഴാണ് പോരായ്മകള്‍ പഠിക്കുന്നത്. അതുവരെ റിപ്പോര്‍ട്ട് ഫ്രീസറില്‍ വച്ചു’- സതീശന്‍ പറഞ്ഞു.

അതേസമയം, ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് ആവശ്യവുമായി താമരശേരി രൂപത രംഗത്തെത്തി. മാപ്പ് അബദ്ധങ്ങള്‍ നിറഞ്ഞതാണെന്നും സാമൂഹികാഘാത പഠനം നടത്തണമെന്നും ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു.