തൃശ്ശൂർ: മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തൽ. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങുന്നവരിൽ കൂടുതലും മലയാളികളാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളത്. ബംഗളൂരുവിൽ 80 ശതമാനം മയക്കുമരുന്നും വാങ്ങുന്നത് മലയാളികളെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിനായി ബെംഗളൂരുവിൽ പോയ കേരള പോലീസ് സംഘത്തോട് ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്.
മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ട് നിരവധി മലയാളികൾ ജയിലുകളിൽ കഴിയുന്നുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ഇതിൽ പലരും 20 വയസിന് താഴെയുള്ളവരാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഡൽഹിയിൽ നിന്നാണ് ബംഗളൂരുവിലേക്ക് മയക്കു മരുന്ന് എത്തുന്നത്. ഈ വർഷം ഒക്ടോബർവരെ സിറ്റിപോലീസ് പിടികൂടിയ 409.67 ഗ്രാം എം.ഡി.എം.എ.യും ബെംഗളൂരു വഴി എത്തിയതാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ കുത്തകയാണ് എം.ഡി.എം.എ. നിർമാണത്തിനുള്ള രാസക്കൂട്ട്. ഫോസ്ഫറസ്, അമോണിയ തുടങ്ങിയ നിരവധി രാസപദാർഥങ്ങൾ കൃത്യമായ അളവിൽ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലുള്ളവർക്കേ ഇതിന്റെ അളവുകളും മറ്റും അറിയൂ. അതിനാൽ ഇത്തരക്കാർക്ക് ഡിമാൻഡ് കൂടുതലാണ്.

