രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സരിതാ നായര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സോളാര്‍ കേസ് പ്രതി സരിതാ നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണ, ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് തള്ളി. സരിതയുടെ അഭിഭാഷകന്‍ നിരന്തരം ഹാജരായി്‌ലലെന്ന് ചൂണ്ടിക്കാട്ടി എസ് എ ബോബ്‌ഡെ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലത്ത് സുപ്രീംകോടതി നേരത്തെയും ഹര്‍ജി തള്ളിയിരുന്നു.

അതേസമയം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരായി മത്സരിക്കാന്‍ സരിതാ നായര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. എന്നാല്‍, അമേഠി മണ്ഡലത്തില്‍ നിന്നും രാഹുലിനെതിരെ മത്സരിക്കാനുള്ള സരിതയുടെ പത്രിക വരണാധികാരി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നും വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് സരിതാ നായര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍, കോടതിയുടെ സമയം നഷ്ടപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സരിതയുടെ ഹര്‍ജി തള്ളുകയും, കോടതി ഒരുലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു.

രണ്ട് വര്‍ഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏതൊരു വ്യക്തിയും അയോഗ്യരാകും. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ നായര്‍ക്ക് ലഭിച്ച ശിക്ഷ ശ്രദ്ധയില്‍പ്പെടാത്തത് കൊണ്ടോ എന്തോ അമേഠിയില്‍ മത്സരിക്കാന്‍ സരിതയുടെ പത്രിക സ്വീകരിക്കപ്പെട്ടിരുന്നു. സ്വതന്ത്രമായി മത്സരിച്ച അവര്‍ക്ക് അമേഠിയില്‍ 443 വോട്ടുകള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു.