തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാമെന്നും അണക്കെട്ട് നിര്‍മിക്കുന്നതു പരിസ്ഥിതിയെ ഒരുതരത്തിലും ബാധിക്കില്ലെന്നും കേരളം നിയോഗിച്ച സാങ്കേതിക സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
മുല്ലപ്പെരിയാറിലെ നിലിവലെ ഡാമിന്റെയും പുതുതായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെയും വൃഷ്ടി പ്രദേശത്തെ പരിസ്ഥിതി ആഘാതത്തെക്കുറിച്ചാണ് കരാര്‍ ഏജന്‍സിയായ ഹൈദരാബാദിലെ പ്രഗതി ലാബ്‌സ് ആന്‍ഡ് കണ്‍സല്‍റ്റന്‍സ് പ്രൈവറ്റ് ലിമിറ്റഡ് പഠനം നടത്തി ജലസേചന വകുപ്പിനു കരടു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 3 വാല്യങ്ങളുള്ള കരടു റിപ്പോര്‍ട്ട് സംസ്ഥാന ജലസേചന വകുപ്പിലെയും തൃശൂര്‍ പീച്ചിയിലെ കേരള വനഗവേഷണ കേന്ദ്രത്തിന്റെയും വിദഗ്ധര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതി പരിശോധിച്ചു. പുതിയ ഡാമിന്റെ നിര്‍മാണം മേഖലയിലെ ജീവജാലങ്ങളെയും സസ്യങ്ങളെയും പരിസ്ഥിതിയെയും ഒരു തരത്തിലും നേരിട്ടോ അല്ലാതെയോ ബാധിക്കില്ലെന്നും ജൈവ വൈവിധ്യത്തിനു ദോഷകരമല്ലെന്നും കരടു റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി പഠനത്തെക്കുറിച്ചുള്ള ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ട് ഒരു മാസത്തിനകം ജലസേചന വകുപ്പിനു കൈമാറും.
അതേസമയം, ഇപ്പോഴത്തെ അണക്കെട്ടിന്റെ 366 മീറ്റര്‍ താഴെയാണ് പുതിയ അണക്കെട്ടിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 50 ഹെക്ടര്‍ സ്ഥലത്തായിരുന്നു പഠനം. കരടു റിപ്പോര്‍ട്ടിന് കേരളം അംഗീകാരം നല്‍കിയതോടെ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) തയാറാക്കുന്ന ജോലികളും കേരളം ആരംഭിച്ചു. പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് 1100-1500 കോടി രൂപയാകുമെന്നാണു ജലസേചന വകുപ്പിന്റെ വിലയിരുത്തല്‍. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചില പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ചീഫ് സെക്രട്ടറിതല ചര്‍ച്ച നടത്തണമെന്നു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് വിഷയത്തില്‍ കേരള – തമിഴ്‌നാട് ചീഫ് സെക്രട്ടറിമാര്‍ ഇന്നു ചെന്നൈയില്‍ ചര്‍ച്ച നടത്തും.

