സർവകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടർ യാഥാർത്ഥ്യമാക്കും; കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി മാറ്റാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന് സാധിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മിൽ ജൈവബന്ധം വളർത്തിയെടുക്കുക തുടങ്ങിയവ നടപ്പിലാക്കാനാണ് സർക്കാർ പദ്ധതിയിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സർവകലാശാലകളിൽ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാർത്ഥ്യമാക്കും. മാനേജ്‌മെന്റുകളുടെ താത്പര്യം ഹനിക്കാതെ സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബിൽ പാസാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച് നിർദ്ദേശം സമർപ്പിക്കാൻ മൂന്ന് കമ്മീഷനുകളെ സർക്കാർ നേരത്തെ തന്നെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളുടെയെല്ലാം റിപ്പോർട്ടുകൾ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് മികച്ച സാമ്പത്തിക സഹായം ലഭ്യമാക്കും. ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

നിർദ്ദിഷ്ട കാര്യത്തിന് തന്നെ സർക്കാർ ഖജനാവിലെ പണം ഉപയോഗപ്പെടുത്തണമെന്ന ഉത്തരവാദിത്തം സർക്കാരിന് എല്ലാ കാലത്തും ഉണ്ട്. അക്കാദമിക് കാര്യങ്ങളിൽ സർവകലാശാലകൾക്ക് പരിപൂർണ സ്വാതന്ത്ര്യം ഉണ്ടാകും. അത് ഉറപ്പുവരുത്താനും സർക്കാർ ശ്രമിക്കുമെന്നും കോളേജുകളുടെയും സർവകലാശാലകളുടെയും അടിസ്ഥാന സൗകര്യപ്രവർത്തനത്തിന് പദ്ധതി സർക്കാർ നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.