ന്യൂഡൽഹി: വിവരാവകാശ പോർട്ടലുകൾ ആരംഭിക്കാത്ത ഹൈക്കോടതികൾ മൂന്നാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന നിർദ്ദേശം നൽകി സുപ്രീം കോടതി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.
ഇക്കാര്യത്തിൽ മറുപടി നൽകിയിരിക്കുന്നത് ഒൻപതു ഹൈക്കോടതികൾ മാത്രമാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് മൂന്നാഴ്ചയ്ക്കുള്ളിൽ നടപടി പൂർത്തിയാക്കണമെന്ന് കോടതി നിർദ്ദേശം നൽകിയത്.
വിവരാകാശ അപേക്ഷകളുടെ ഇ ഫയലിംഗിനും ഹൈക്കോടതികളിൽ അപ്പീൽ നൽകുന്നതിനും പോർട്ടലുകൾ രൂപീകരിക്കാൻ സുപ്രീം കോടതി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പ്രവാസി ലീഗൽ സെല്ലിന്റെ ഹർജിയെ തുടർന്നായിരുന്നു സുപ്രീം കോടതി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

