ഷാങ്ഹായ്: ചൈനയിലെ ഷാങ്ഹായിൽ പ്രതിഷേധവുമായി ജനങ്ങൾ. മൂന്നു വർഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചിരുന്നു. ലോക്ഡൗണിൽ കെട്ടിടം ഭാഗികമായി അടച്ചിട്ടതിനാൽ താമസക്കാർക്ക് രക്ഷപ്പെടാനായില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മടുത്തു, ഷി ചിൻപിങ്ങിനെ മടുത്തു, ഉംറുകിയെ സ്വതന്ത്രമാക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ജനങ്ങളുടെ പ്രതിഷേധ പ്രകടനം. അതേസമയം, ശനിയാഴ്ച 39,791 പുതിയ കേസുകളാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31,709 പേർക്ക് രോഗലക്ഷണങ്ങളില്ല. 2019ൽ ആദ്യമായി വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസാണിത്.
അടുത്ത 5 ദിവസത്തേക്ക് ഭക്ഷണത്തിനോ ചികിത്സയ്‌ക്കോ അല്ലാതെ പുറത്തിറങ്ങരുതെന്നാണ് ഷെങ്ഷോവിലെ 8 ജില്ലകളിലെ ജനങ്ങളോട് അധികൃതർ നിർദേശിച്ചിട്ടുള്ളത്. രാജ്യത്തെ പല പ്രവിശ്യകളിലെയും ജനങ്ങളോട് കഴിയുന്നത്ര വീടുകളിൽ ത്തന്നെ കഴിയണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

