പ്രഭാത ഭക്ഷണമായി വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്. പഴുത്ത വാഴപ്പഴത്തിനെക്കാളും പച്ച വാഴപ്പഴങ്ങൾക്കാണ് കൂടുതൽ ഗുണമെന്നാണ് പറയപ്പെടുന്നത്. പ്രമേഹരോഗികൾ കൂടുതലും പച്ച വാഴപ്പഴമോ ചെറുതായി പഴുത്ത വാഴപ്പഴമോ കഴിക്കുന്നതാണ് നല്ലത്. ഇവയ്ക്ക് ഉയർന്ന രോഗപ്രതിരോധശേഷിയുണ്ട്. ഗ്ലൂക്കോസിന്റെ അളവും ഇവയിൽ കുറവാണ്.
വാഴപ്പഴത്തിൽ ധാരാളം നാരുകളുണ്ട്. അതിനാൽ ഇത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പച്ച വാഴപ്പഴങ്ങളിൽ ‘പെക്റ്റിൻ’ എന്ന നാരുകൾ അടങ്ങിരിക്കുന്നുവെന്നാണ് 2018ലെ പോഷകാഹാര ഗവേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. പച്ച വാഴപ്പഴത്തിൽ വിറ്റാമിനുകളും ധാരാളമുണ്ട്. പച്ചക്കായ കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും കാത്സ്യത്തിന്റെയും ആഗിരണം എളുപ്പമാക്കും.
വാഴപ്പഴത്തെപ്പോലെ തന്നെ പച്ചക്കായയിലും പൊട്ടാസ്യം ധാരാളം ഉണ്ട്. ഒരു കപ്പ് വേവിച്ച ഏത്തക്കായയിൽ 531 ഗ്രാം പൊട്ടാസ്യം ഉണ്ട്. വൃക്കയുടെ പ്രവർത്തനത്തിനു പൊട്ടാസ്യം പ്രധാന പങ്കു വഹിക്കുന്നു. രക്തസമ്മർദം നിയന്ത്രിച്ചു നിർത്താനും ഇത് സഹായിക്കും.

