കെടിയു നിയമനം: ആരെയെങ്കിലും വിസിയായി നിയമിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: സര്‍വകലാശാലകളില്‍ വിസിയായി ആരെയെങ്കിലും നിയമിക്കാനാകില്ലെന്ന് കെടിയു കേസില്‍ ഹൈക്കോടതി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഡോ. സിസ തോമസിനെ താല്‍ക്കാലിക വിസിയായി നിയമിച്ചത് ഒരു കൂടിയാലോചനയുമില്ലാതെയാണെന്നാണ് സര്‍ക്കാര്‍ വാദം. നിയമനം ഫോണില്‍ പോലും വിളിച്ച് ചോദിക്കാതെയാണ്. ചുമതല പ്രോ വിസിക്ക് നല്‍കുന്നതില്‍ നിയമതടസമില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിയമിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലറെ നിയമിക്കുമ്പോള്‍ ചാന്‍സലര്‍ സര്‍ക്കാരുമായി കൂടിയാലോചന നടത്തണമെന്നാണ് നിയമം. സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇത് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, വിസിയുടെ ചുമതല വഹിക്കാന്‍ പറ്റിയ പ്രൊഫസര്‍മാര്‍ സാങ്കേതിക സര്‍വകലാശാലയില്‍ ഇല്ലായിരുന്നോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. അതീവ ശ്രദ്ധയോടെയും കരുതലോടെയുമാണ് ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നും ആരെയെങ്കിലും വിസിയായി നിയമിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, അത്തരത്തിലുളളവര്‍ ഉണ്ടായിരുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. യോഗ്യരായ മറ്റ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ചുമതല കൈമാറാമായിരുന്നെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കെടിയു സര്‍വകലാശാല വിസി സ്ഥാനത്തേക്ക് ഡോ. സിസ തോമസിന്റെ പേര് ആരാണ് നിര്‍ദേശിച്ചതെന്ന് കോടതി ഗവര്‍ണറോട് ചോദ്യമുന്നയിച്ചു. മറ്റ് വിസിമാര്‍ക്ക് ചുമതല നല്‍കാമായിരുന്നില്ലേ? പ്രോ വിസി ലഭ്യമായിരുന്നോ? എങ്ങനെയാണ് സിസ തോമസിന്റെ പേരിലേക്കെത്തിയത്? തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു. വി.സി എന്നത് കൂടുതല്‍ ഉത്തരവാദിത്തമുള്ള ജോലിയാണെന്നും ഒരു ദിവസമാണ് വിസിയുടെ പോസ്റ്റില്‍ ഇരിക്കുന്നതെങ്കില്‍ പോലും അയാള്‍ വി.സി തന്നെയാണെന്നും സെലക്ഷന്‍ കമ്മിറ്റി പരിശോധന നടത്തിയതിന് ശേഷമേ തിരഞ്ഞെടുപ്പ് നടത്താന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദ്ദേശിച്ചു.