ന്യൂഡൽഹി: കതിരൂർ മനോജ് വധക്കേസ് വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. നാല് മാസത്തിനുള്ളിൽ കേസിന്റെ നടപടികൾ പൂർത്തിയാക്കണമെന്നാണ് സുപ്രീം കോടതി വിചാരണ കോടതിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. വിചാരണ കോടതി നടപടികളുടെ തത്സ്ഥിതി റിപ്പോർട്ട് നൽകണമെന്നും കോടതി വ്യക്തമാക്കി. സി പി എം നേതാവ് പി ജയരാജൻ പ്രതിയായ കതിരൂർ മനോജ് വധക്കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന് കർണാടകത്തിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ഹർജി.
വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമാണെന്നാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് സിബിഐയുടെ നീക്കത്തിൽ രാഷ്ട്രീയമുണ്ടെന്ന് വിമർശിച്ചത്. നാല് വർഷം മുൻപ് സിബിഐ നൽകിയ ഹർജിയാണിത്. എന്നാൽ ഇതിൽ തുടർനടപടികൾ സിബിഐ സ്വീകരിച്ചില്ല. സിബിഐ കോടതിയിൽ തന്നെയാണ് വിചാരണ നടക്കുന്നത്. സിബിഐ ജഡ്ജിമാരെ പ്രതികൾ സ്വാധീനിക്കുമോ എന്ന ചോദ്യവും കോടതി ഉന്നയിച്ചു.
അഭിഭാഷകൻ ജിഷ്ണു എംഎൽ ആണ് പ്രതികൾക്കായി ഹാജരായത്. നിലവിൽ പ്രതികൾക്കതിരെ കുറ്റം ചുമത്തുന്ന നടപടിയാണ് നടക്കുന്നതെന്ന് ജിഷ്ണു കോടതിയെ അറിയിച്ചു. സംസ്ഥാനത്തിനായി ഹരിൻ പി റാവൽ, സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് തുടങ്ങിയവർ ഹാജരായി.

