കണ്ണൂര്‍: കോണ്‍ഗ്രസില്‍ വിഭാഗീയത സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിനെതിരെ ശശി തരൂര്‍ രംഗത്ത്. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എനിക്കെതിരെ ഉയര്‍ന്ന വിഭാഗീയതയെന്ന ആരോപണം വിഷമമുണ്ടാക്കുന്നതാണ്. മലബാറില്‍ വ്യത്യസ്ത പരിപാടികളിലാണ് ഞാന്‍ പങ്കെടുത്തത്. അതില്‍ മതമേലധ്യക്ഷന്മാരെ സന്ദര്‍ശിക്കുന്നതും പൊവിഡന്‍സ് വിമണ്‍സ് കോളേജ് സന്ദര്‍ശനവും മറ്റ് സെമിനാറുകളുമടക്കമുണ്ട്. എല്ലാം പൊതുപരിപാടികളാണ്. ഇതില്‍ വിഭാഗീയതയുണ്ടാക്കുന്നത് ഏതാണെന്ന് എനിക്കറിയണം. ആരേയും അധിക്ഷേപിക്കുന്ന വ്യക്തിയല്ല ഞാന്‍. മലബാര്‍ ഭാഗത്തേക്കുള്ള ഈ സന്ദര്‍ശനം കോഴിക്കോട് എംപി എംകെ രാഘവന് ആവശ്യപ്പെട്ടതിനാലാണ്. രണ്ട് കോണ്‍ഗ്രസ് എംപിമാര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ ആര്‍ക്കാണ് വിഷമം? എന്നെ ആരെങ്കിലും ഭയക്കുന്നുണ്ടോയെന്നത് എനിക്കും അറിയണം’- തരൂര്‍ പറഞ്ഞു.
അതേസമയം, ശശി തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് എം.കെ രാഘവന് എം പി ഹൈക്കമാന്റിന് കത്തയച്ചു. തരൂരിനെ വിലക്കിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ക്കാണ് കത്തയച്ചത്.

